കൊച്ചി: ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ബസിന്‍റെ മുൻവശത്തെ റോഡും ബസിന്‍റെ അകവും കാണാൻ കഴിയുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.
ഇതിനുള്ള ചെലവിന്‍റെ 50% റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കും. ഓരോ ബസും നിയമാനുസൃതമായാണോ സർവീസ് നടത്തുന്നതെന്ന് നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. ഏതെങ്കിലും ബസുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നാൽ അതിന്‍റെ ഉത്തരവാദിത്തവും ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും.
ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗതമന്ത്രി യോഗം വിളിച്ചത്. ബസുകളുടെ അമിത വേഗത്തെ വിമർശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം നിലപാടെടുത്ത പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ ക്യാമറയിലെ ദൃശ്യങ്ങൾ സഹായകമാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.