കോട്ടക്കൽ : സംസ്ഥാനതലത്തിൽ മാജിക് കലയിൽ വിസ്മയിപ്പിച്ച് 5 വയസ്സുകാരൻ. ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ എന്ന റെക്കോർഡ് സ്വന്തം പേരിനൊപ്പം ചേർത്ത അർജുൻ ആണ് കണ്ണൂരിലെ വേദിയിൽ ഇത് വരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.
മാജിക്കിൽ അഗ്രഗണ്യനായ വാഴക്കുന്നം നമ്പൂതിരിയുടെ പേരിൽ എല്ലാ വർഷവും നടത്തുന്ന മത്സരമാണിത്. വിവിധ ജില്ലകളിൽ നിന്നായി 16 വയസ്സുവരെയുള്ള നൂറോളം വിദ്യാർത്ഥികൾ എത്തി മാറ്റുരച്ചതിൽ പറപ്പൂർ വെസ്റ്റ് എ.എം.എൽ.പി.സ്കൂൾ എൽ.കെ.ജി വിദ്യാർത്ഥിയായ അഞ്ച് വയസ്സുകാരന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
3 വയസ്സുമുതൽ കൺകെട്ട് വിദ്യയിൽ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന അർജുനെ പിതാവ് ഓമനക്കുട്ടനാണ് ജാലവിദ്യയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചത്. കൂടാതെ മറ്റ് വിദഗ്ധ കലാകാരൻമാരുടെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുകയും, അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തു. അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങൾക്ക് നിരവധി സമ്മാനങ്ങളും, പ്രശംസയും ഈ കൊച്ചുകലാകാരന് ലഭിക്കാറുണ്ട്.