മധ്യപ്രദേശ്: നടൻ ആർ മാധവന്‍റെ മകനും ദേശീയ നീന്തൽ താരവുമായ വേദാന്ത് മാധവന് 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടം. മധ്യപ്രദേശിൽ നടന്ന ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഏഴ് മെഡലുകൾ വേദാന്ത് നേടി.
100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ വേദാന്ത് 400 മീറ്റർ, 800 മീറ്റർ എന്നിവയിൽ വെള്ളി മെഡലുകൾ നേടി. മകന്‍റെ മെഡൽ നേട്ടത്തിന്‍റെ സന്തോഷം മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
മകന്‍റെയും സഹതാരങ്ങളുടെയും ചിത്രങ്ങൾ സഹിതമായിരുന്നു മാധവന്‍റെ പോസ്റ്റ്. ഗെയിംസിൽ ചാമ്പ്യൻഷിപ്പ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിനെയും മാധവൻ അഭിനന്ദിച്ചു. വേദാന്ത് ഉൾപ്പെടുന്ന മഹാരാഷ്ട്ര 56 സ്വർണം ഉൾപ്പെടെ 161 മെഡലുകൾ നേടി വിജയികളായി.