അബുദാബി: റോഡുകളിൽ റെഡ് സിഗ്നൽ ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 51,000 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അബുദാബി പോലീസ്. തുടർച്ചയായി നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് നഷ്ടപ്പെടും. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിഗ്നലുകളിലെ അമിത വേഗതയും ഗ്രീൻ സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുമ്പ് ഓവർടേക്ക് ചെയ്യാനുള്ള കുതിപ്പും ലംഘനങ്ങളുടെ പരിധിയിൽ വരും. റെഡ് സിഗ്നൽ ലംഘിച്ചാൽ സാധാരണയായി 1,000 ദിർഹമാണ് പിഴ.
ഒറ്റയടിക്ക് 12 ബ്ലാക്ക് മാർക്ക് ലൈസൻസിൽ പതിക്കും. പുതുക്കിയ നിയമമനുസരിച്ച് ചുവന്ന സിഗ്നൽ മറികടക്കുന്ന വാഹനം പിടിച്ചെടുക്കും. 50,000 ദിർഹം നൽകേണ്ടിവരും. ഡ്രൈവിംഗ് ലൈസൻസ് ആറുമാസത്തേക്ക് പോലീസ് തടഞ്ഞുവയ്ക്കും. പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ചില്ലെങ്കിൽ വാഹനം പരസ്യ ലേലത്തിൽ വിൽക്കും.
നിയമം ലംഘിക്കുന്നവരെ മൊബൈൽ സന്ദേശത്തിലൂടെ അറിയിച്ച് പത്രങ്ങളിൽ പരസ്യം നൽകിയ ശേഷമായിരിക്കും വാഹനങ്ങൾ ലേലം ചെയ്യുക. വാഹനത്തിന് പിഴ അടയ്ക്കാനുള്ള മൂല്യമില്ലെങ്കിൽ ലേലത്തിൽ ലഭിക്കുന്ന തുക കുറയ്ക്കുകയും ബാക്കി തുക വാഹന ഉടമയുടെ പേരിൽ ബാധ്യതയായി ട്രാഫിക് ഫയലിൽ സൂക്ഷിക്കുകയും ചെയ്യും.