ബെംഗളൂരു: തലസ്ഥാന തർക്കത്തിൽ നിലപാട് വ്യക്തമാക്കി ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് പറഞ്ഞു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളൂരുവിൽ നടന്ന വ്യവസായ കോൺക്ലേവിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. സർക്കാരിന്റെ ഭരണം വിശാഖപട്ടണത്ത് നിന്ന് തന്നെ നടത്തും. കുർണൂൽ തലസ്ഥാനമാണെന്ന് പറയാൻ കഴിയില്ല, പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ, കോസ്മോപൊളിറ്റൻ സംസ്കാരം, തുറമുഖ നഗരം എന്നിവ കാരണം തലസ്ഥാന നഗരമാകാൻ ഏറ്റവും അനുയോജ്യമായ സ്ഥലം വിശാഖപട്ടണമാണെന്നും രാജേന്ദ്രനാഥ് പറഞ്ഞു. വിശാഖപട്ടണം ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനമായിരിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും നേരത്തെ പറഞ്ഞിരുന്നു.
കൃഷ്ണ നദിയുടെ തീരത്ത് അമരാവതി എന്ന സ്വപ്ന തലസ്ഥാന നഗരം നിർമ്മിക്കുമെന്ന് 2015 ൽ അന്നത്തെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. അമരാവതി നിർമ്മിക്കാൻ പോകുന്ന ഗുണ്ടൂർ ജില്ലയിൽ പലർക്കും ഭൂമി വാങ്ങി വൻ ലാഭമുണ്ടാക്കാനുള്ള വലിയ അഴിമതിയുടെ ഭാഗമാണിതെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന വൈഎസ്ആർ കോൺഗ്രസ് മേധാവി വൈഎസ് ജഗൻമോഹൻ റെഡ്ഡി പറഞ്ഞിരുന്നു. ഫലഭൂയിഷ്ഠമായ പ്രദേശം നശിപ്പിക്കാനുള്ള പദ്ധതിയാണിതെന്ന് ആരോപിച്ച് കർഷക സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട്, ജഗൻമോഹൻ റെഡ്ഡി അധികാരത്തിൽ വന്നപ്പോൾ, അദ്ദേഹം ഒറ്റത്തലസ്ഥാനമെന്ന പദ്ധതി ഉപേക്ഷിച്ച് നിയമസഭയിൽ മൂന്ന് തലസ്ഥാനങ്ങളുടെ ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.
വിശാഖപട്ടണത്തെ ഭരണസിരാകേന്ദ്രവും അമരാവതിയെ നിയമസഭാ ആസ്ഥാനവും കർണൂലിനെ ജുഡീഷ്യൽ ആസ്ഥാനവുമാക്കും എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. എന്നാൽ ഇത് ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ ജഗൻമോഹൻ റെഡ്ഡി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, തന്‍റെ ഓഫീസ് വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രസ്താവന ഇറക്കിയിരുന്നു. സംസ്ഥാനത്തിന് വലിയ ചെലവിൽ ഒരു പുതിയ തലസ്ഥാനം സൃഷ്ടിക്കുന്നതിനുപകരം, നിലവിൽ എല്ലാ സൗകര്യങ്ങളുമുള്ള വിശാഖപട്ടണത്തെ തലസ്ഥാനമാക്കണമെന്ന് ജഗൻമോഹൻ റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.