പുതുക്കാട്: ജോലി സമയം അവസാനിച്ചതോടെ പുതുക്കാട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപോയി. ഇതോടെ പുതുക്കാട് റെയിൽവേ ഗേറ്റിലുണ്ടായത് രണ്ടര മണിക്കൂർ ഗതാഗതം തടസം.
ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാൻ പോയ ഗുഡ്സ് ട്രെയിൻ പാതിവഴിയിൽ നിർത്തിയാണ് ലോക്കോ പൈലറ്റ് വീട്ടിലേക്ക് മടങ്ങിയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ടയാൾ എത്താത്തതിനെ തുടർന്നാണ് ലോക്കോ പൈലറ്റ് പുതുക്കാട് യാത്ര അവസാനിപ്പിച്ചത്. രണ്ടര മണിക്കൂറിനു ശേഷം എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റിയിലെ ലോക്കോ പൈലറ്റിനെ കൊണ്ടുവന്ന് ഗുഡ്സ് ട്രെയിൻ മാറ്റി വാഹനഗതാഗതം പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, റെയിൽ ഗതാഗതത്തിന് തടസ്സമുണ്ടായില്ല.
ചെറിയ സ്റ്റേഷനായതിനാൽ ട്രെയിൻ നിർത്തിയാൽ ഇവിടെ റെയില്‍വേഗേറ്റ് അടയ്ക്കേണ്ടിവരും. ഇതാണ് വാഹനഗതാഗതം തടസ്സപ്പെടാൻ കാരണം. ട്രെയിൻ നിർത്തിയതിനാൽ യാത്രക്കാർക്ക് പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആളുകൾ ഗുഡ്സ് ട്രെയിൻ്റെ അടിയിലൂടെ കയറിയാണ് മറുവശത്തെ പ്ലാറ്റ്ഫോമിലെത്തിയത്.