വാക്കുകൾക്കും അതീതമായ മനുഷ്യനന്മകൾ വിളിച്ചോതുന്ന കാര്യങ്ങൾ നാടിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. സുഹൃത്തിന്റെ ദുരിതജീവിതത്തിന് താങ്ങായി കൂടെ നിന്ന ഒരു അയൽക്കാരന്റെ വാർത്ത സൂചിപ്പിക്കുന്നതും ഇതാണ്. ആ കരുതലിൽ ഉയർന്ന പുതുവീട്ടിലേക്ക് കെ. വിജയനും കുടുംബവും താമസം മാറാൻ ഒരുങ്ങുന്നു.
അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്ടിൽ താമസിക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് കരുതിയ വിജയനരികിലേക്ക് അയൽക്കാരനായ നെല്ലിമുകൾ അലൻ വില്ലയിൽ റെജി ചാക്കോ എത്തുകയായിരുന്നു. ഭാര്യ, രണ്ട് പെൺകുട്ടികൾ എന്നിവരോടൊപ്പം മഴയിൽ ചോർന്നൊലിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലായിരുന്നു വിജയന്റെ താമസം. ഫാൻസി കടയിൽ ജോലിക്ക് പോകുന്നുണ്ടെങ്കിലും അത് മരുന്ന് വാങ്ങാൻ ചിലവാക്കിയിരുന്നതിനാൽ വീടിന്റെ അറ്റകുറ്റപണികൾ മുന്നോട്ടു പോയില്ല.
സഹായിക്കാമെന്നറിയിച്ച് റെജി എത്തിയപ്പോഴും വിജയൻ വിശ്വസിച്ചില്ല. ഇത്രയും രൂപ മുടക്കി എങ്ങനെ ഒരു വീട് വെക്കാൻ സാധിക്കുമെന്നായിരുന്നു ആശങ്ക. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിന്റെ നിർമാണപ്രവർത്തനം ആരംഭിച്ചു. ഷീറ്റ് അടിച്ച് പണി പൂർത്തിയാക്കുമെന്ന് വിജയൻ കരുതിയെങ്കിലും, വാർത്ത് അതിമനോഹരമായൊരു വീടാണ് റെജി സമ്മാനിച്ചത്. മാതൃകാപരമായ റെജിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭാര്യ ആശ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.