ഇരിങ്ങാലക്കുട: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ തൃശൂർ കണ്ണിക്കര സ്വദേശി പ്രണവ് ((31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനായിരുന്നു പ്രണവും തിരുവനന്തപുരം സ്വദേശിനി ഷഹാനയും വിവാഹിതരായത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. നിരവധി എതിർപ്പുകൾ അവഗണിച്ചാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരമാസകലം തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേർക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു.