തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് പരീക്ഷ നടക്കുക.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ ഷെഡ്യൂൾ തന്നെയാകും.
വിശദമായ ടൈംടേബിൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കും. 31ന് മധ്യവേനലവധിക്കായി സ്കൂളുകൾക്ക് അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടക്കും. ഉച്ചഭക്ഷണ പദ്ധതിക്കായി മൂന്ന് മാസത്തെ കുടിശ്ശിക 126 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.