ന്യൂഡൽഹി: സംസ്ഥാനത്തെ ആയുർവേദ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. 11 സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും സിദ്ധ, യുനാനി സ്വാശ്രയ കോളേജുകളും ഉൾപ്പെടുന്ന സംഘടന നൽകിയ ഹർജിയിലാണ് നോട്ടീസ്.
ചില കോളേജുകളിലെ 80 % സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി സംഘടന പറയുന്നു. പ്രവേശന തീയതി നീട്ടിയില്ലെങ്കിൽ ആകെയുള്ള 750 സീറ്റുകളിൽ 484 എണ്ണം ഒഴിഞ്ഞുകിടക്കുമെന്ന് കോളേജുകൾ സുപ്രീം കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. പ്രവേശന തീയതി കേന്ദ്രസർക്കാർ മാർച്ച് 14 വരെ നീട്ടിയെങ്കിലും പ്രവേശനം അവസാനിച്ചെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു.
കേരളത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും കോളേജുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പ്രവേശനത്തിനു 50 % മാർക്ക് വേണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്നും കോളേജുകൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു.