ന്യൂഡൽഹി: കൂട്ട പിരിച്ചുവിടൽ നടത്തി ഗൂഗിൾ ഇന്ത്യയും. ഇന്ത്യയിൽ 453 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട വിവരം ഇമെയിൽ വഴിയാണ് ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിടൽ ഇ-മെയിൽ ജീവനക്കാർക്ക് ലഭിച്ചത്.
ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗുപ്തയാണ് ഇ-മെയിൽ അയച്ചത്. പിരിച്ചുവിടലിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞതായി ഇ-മെയിലിൽ പറയുന്നു. അതേസമയം, ആഗോളതലത്തിൽ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, കമ്പനി എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല.
നേരത്തെ മറ്റൊരു അമേരിക്കൻ കമ്പനിയായ ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ അറിയിച്ചത്. മെറ്റയും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.