ന്യൂഡല്‍ഹി: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നല്കിയ കണ്ണൂർ കോടതി സമുച്ചയ കരാർ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് എങ്ങനെയാണ് കരാർ നൽകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കണ്ണൂരിലെ ഏഴ് നില കോടതി സമുച്ചയത്തിന്‍റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത് എ.എം മുഹമ്മദ് അലി എന്ന കരാറുകാരന്‍റെ ഉടമസ്ഥതയിലുള്ള നിർമാൺ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയായിരുന്നു. എന്നാൽ നിർമാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനേക്കാൾ കൂടുതൽ തുക പറഞ്ഞ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
നിർമാൺ കണ്സ്ട്രക്ഷൻസിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. കുറഞ്ഞ തുക ക്വട്ടേഷൻ നൽകുന്നവർക്ക് നിർമ്മാണ കരാർ നല്കാതിരുന്ന ഉത്തരവ് സ്വകാര്യ കരാറുകാരെ മൊത്തത്തിൽ ബാധിക്കുമെന്ന് ഇവർ വാദിച്ചു.