Breaking News

‘ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതല്ല ആർഎസ്എസ് ജമാഅത്ത് ചർച്ച’; ജനകീയ പ്രതിരോധ ജാഥയ്ക്ക് തുടക്കം

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് ആരംഭം. വൈകിട്ട് 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഗീയത നാടിന് ആപത്തായി വളർന്ന് വരുകയാണെന്നും,ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിർക്കുന്ന തരത്തിലുളള നിലപാടുകളാണ് എക്കാലത്തും സ്വീകരിച്ചതെന്നും, ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതല്ല ആർഎസ്എസ് ജമാഅത്ത് ചർച്ചകളെന്നും, ഇതിനെ ന്യൂനപക്ഷം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം വർഗീയത വിളമ്പുന്നത്. കേരളത്തെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രത്തിന്‍റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വാദം എന്തിനാണ് കോൺഗ്രസ് ഏറ്റെടുക്കുന്നത്? കേന്ദ്രം അടച്ച പല പൊതുമേഖലാ സ്ഥാപനങ്ങളും കേരളം ഏറ്റെടുത്ത് തുറന്നു. നന്നായി പ്രവർത്തിക്കുന്ന പി എസ് സിക്ക് എതിരായി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. കേരളം വ്യാവസായിക സൗഹ്യദമല്ല എന്ന് പറഞ്ഞു പരത്തുന്നു. എന്നാൽ വ്യവസായികൾക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക്ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ. കാസർകോട്‌ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത്‌ പര്യടനമുണ്ട്‌. ഓരോ കേന്ദ്രത്തിലും 10,000 പേർ ജാഥയെ സ്വീകരിക്കാനെത്തും. റെഡ് വോളന്‍റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. കലാപരിപാടികളും അരങ്ങേറും. ചൊവ്വാഴ്ച രാവിലെ എട്ടിന് കാസർകോട് ഗസ്റ്റ് ഹൗസിൽ ജാഥാ നേതാവ് എം.വി.ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരൻമാർ, എന്നിങ്ങനെ വിവിധ മേഖലകളിലെ വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ അടുത്ത മാസം 18നാണ് അവസാനിക്കുക.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …