ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയിൽ വന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ജോലിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകളെക്കുറിച്ചും ക്ലിഫ് ഹൗസിൽ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കും ശിവശങ്കറുമൊത്തും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നെ കണ്ടിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു. അന്നത്തെ ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പറയാതെ മുഖ്യമന്ത്രി തെളിവുമായി വരണമെന്നാണ് സ്വപ്ന സുരേഷിന്റെ വെല്ലുവിളി.
നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ച കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു. സ്പേസ് പാർക്കിലെ ജോലിക്ക് മുൻപ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാം. ഇതിനിടെയാണ് എം.എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതിന് പിന്നാലെയാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനിച്ചതെന്ന് സ്വപ്ന പറഞ്ഞു. ബിസിനസിന്റെ കണ്ണിയായ താൻ രാജിവച്ചെന്നറിഞ്ഞ് സി.എം രവീന്ദ്രൻ ഞെട്ടിപ്പോയി. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകളുടെ കണ്ണിയായിരുന്നു താൻ. യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമെന്ന് സി.എം രവീന്ദ്രൻ ഭയപ്പെട്ടിരുന്നുവെന്നും യൂസഫലി തന്നെ എതിർത്തത് എന്തുകൊണ്ടാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.