‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ മുകേഷ്. കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും കളിയാക്കുകയാണെന്ന് മുകേഷ് പറഞ്ഞു. അഭിനയത്തെയും കഥയെയും കഥാപാത്രത്തെയും കളിയാക്കുമ്പോൾ സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. കിട്ടാനുള്ളത് കിട്ടിയിട്ടുണ്ടാകില്ലെന്നും മുകേഷ് പറഞ്ഞു.
അല്ലാത്തപക്ഷം വിമർശനത്തിനൊപ്പം നല്ല കഥാ സാഹചര്യങ്ങളും നല്ല രംഗങ്ങളും ഉണ്ടെന്നും പറയണം. എവിടെയും തൊടാതെ ഇവൻ ഇനി സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം. ഇവരൊക്കെ അന്ന് ഉണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ചെയ്യുന്നത് എന്നും ചോദിച്ചേനെ എന്നും മുകേഷ് പറഞ്ഞു.
ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡാർലിംഗ്. ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതയായ അനിഖ സുരേന്ദ്രനും ‘ജോ ആൻഡ് ജോ’, ഇന്സ്റ്റാഗ്രാമിലെ ‘എഫ്ടി ഗയ്സ്’ എന്ന പേജിലൂടെ ശ്രദ്ധേയയായ മെൽവിൻ ജി ബാബുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുകേഷ്, ജോണി ആന്‍റണി, മഞ്ജു പിള്ള, ലെന എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആദ്യ പകുതി ഒരു പക്കാ പ്രണയകഥയാണ്. രണ്ടാം പകുതിയുടെ വരവോടെ ചിത്രം പ്രവചനാതീതമാവുകയും റൊമാന്‍റിക് കോമഡി എലിമെന്‍റ്സിലൂടെ വളരെ സങ്കീർണ്ണമായ മാനസിക വൈകല്യം പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.