കണ്ണൂർ: വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ടിഡിഎസ് അടച്ചിരുന്നു. എന്നാൽ, ഈ വർഷം ടിഡിഎസ് നൽകേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇ പി പ്രതികരിച്ചു. റിസോർട്ടിലെ ആദായനികുതി റെയ്ഡ് സ്വാഭാവിക നടപടിയാണെന്ന് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫും പ്രതികരിച്ചിരുന്നു. റിസോർട്ട് ടിഡിഎസ് കൃത്യമായി ഫയൽ ചെയ്തിട്ടുണ്ട്. റിസോർട്ടിലെ എല്ലാ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര ആദായനികുതി വകുപ്പ് റിസോർട്ടിൽ പരിശോധന നടത്തുന്നത് തുടരുകയാണ്. കൊച്ചിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വൈദേകം റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇ.ഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അസംതൃപ്തനായ ഇ.പി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തിട്ടില്ല. റിസോർട്ടിലെ പരിശോധന ഇ.പി ജയരാജനും സി.പി.എമ്മിനും തലവേദനയായേക്കും.