മഞ്ചേരി : അധ്യാപികമാരുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിലൂടെ വീട് വിട്ടിറങ്ങിയ മകളെ രക്ഷിതാക്കൾക്ക് തിരിച്ചു കിട്ടി.
അധ്യാപികയായ രജനിയെ തേടിയെത്തിയ സഹപ്രവർത്തക പ്രീതിയുടെ ഫോൺ കോൾ അവരുടെ ഉള്ളു തകർക്കുന്നതായിരുന്നു. ഒരു പെൺകുട്ടി, മഞ്ചേരിയിൽ നിന്നും തനിച്ച് യാത്ര ചെയ്യുകയാണ്. മരിക്കാൻ പോകുന്നു എന്ന് ആരോടോ വിളിച്ചു പറയുന്നത് കേട്ടു. ഞാൻ രാമനാട്ടുകര ഇറങ്ങും. ടീച്ചർക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് കേട്ടതും തൃപ്പനച്ചി സ്വദേശിനിയും കൊണ്ടോടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയുമായ രജനിയുടെ പ്രവർത്തനങ്ങൾ വേഗത്തിലായി.
ആദ്യം ഫാറോക്ക് പൊലീസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് പരിചയമുണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.വിനോദ് കുമാറിനെ കാര്യം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ കുട്ടിയുടെ അടയാളം മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. അരീക്കോട് ബസ് നിർത്താനും അവശ്യപ്പെട്ടു. വനിതാ സ്റ്റേഷൻ, പിങ്ക് പൊലീസ് എന്നിവർക്കും നിർദേശം നൽകിയിരുന്നു. അങ്ങനെ കുട്ടിയെ പൊലീസ് കണ്ടെത്തുകയും, രക്ഷിതാക്കളെ ഏല്പിക്കുകയുമായിരുന്നു.