ആന്‍ഫീല്‍ഡ്: ലിവർപൂളിനായി ചരിത്രം കുറിച്ച് ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് സല സ്വന്തമാക്കിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് സല ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് ഇതിഹാസ താരം റോബി ഫൗളറുടെ റെക്കോർഡ് സല മറികടന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു വേണ്ടി 129 ഗോളുകളാണ് സല നേടിയത്. ഇതോടെ 128 ഗോളുകൾ നേടിയ ഫൗളറുടെ റെക്കോർഡ് സല പിന്തള്ളി. 120 ഗോളുകളുമായി സ്റ്റീവൻ ജെറാഡ് മൂന്നാം സ്ഥാനത്തും 118 ഗോളുകളുമായി മൈക്കൽ ഓവൻ നാലാം സ്ഥാനത്തുമാണ്.
2017 ഓഗസ്റ്റിൽ വാട്ട്ഫോർഡിനെതിരെയാണ് ലിവർപൂളിനായി സല തന്‍റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടിയത്. ഈ സീസണിൽ 32 ഗോളുകളുമായി സല പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. പിന്നീട് ലിവർപൂളിനായി മികച്ച പ്രകടനം തുടർന്ന ഈജിപ്ഷ്യൻ സൂപ്പർതാരം 2018-19, 2021-22 സീസണുകളിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 2019-20 സീസണിൽ ലിവർപൂളിന്‍റെ ചരിത്രത്തിലെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടം നേടിയപ്പോഴും സലയുടെ പ്രകടനം നിർണായകമായിരുന്നു.