റിയാദ്: ഗാർഹിക തൊഴിൽ മേഖല വികസപ്പിക്കുന്നതിനുള്ള സൗദി മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഹിക മേഖലയിൽ 10 വിഭാഗത്തിലുള്ള ജോലികൾ കൂടി അനുവദിച്ചു. മുസാനിദ് പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെന്‍റ് സൗകര്യം സുഗമമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പേഴ്സണൽ കെയർ വർക്കർ, ഹൗസ് കീപ്പർ, പ്രൈവറ്റ് ടീച്ചർ, ഹൗസ് തയ്യൽക്കാർ, ഹൗസ് മാനേജർ, ഹൗസ് ഫാർമർ, ഹൗസ് കോഫി വർക്കർ, വൈറ്റർ, സ്പീച്ച് ആൻഡ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് ഹെൽപ്പർ, സപ്പോർട്ട് വർക്കർ എന്നിവർക്ക് മന്ത്രാലയത്തിന്‍റെ മുസാനിദ് പ്ലാറ്റ്ഫോം വഴി വിസ നൽകും.
നേരത്തെ ഹൗസ് ഡ്രൈവർമാരും ഗാർഹികത്തൊഴിലാളികളും ഉൾപ്പെടെ ഏതാനും വിഭാഗത്തിലുള്ള വിസകൾ മാത്രമാണ് മുസാനിദ് വഴി ലഭിച്ചിരുന്നത്. രാജ്യത്തെ അംഗീകൃത റിക്രൂട്ട്മെന്‍റ് ഏജൻസികൾ വഴി ഈ തൊഴിലിലെ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ കഴിയും. എന്നിരുന്നാലും, റിക്രൂട്ട്മെന്‍റ് ഏജൻസികളുടെ സഹായമില്ലാതെ വ്യക്തികൾക്ക് സ്വന്തമായും റിക്രൂട്ട് ചെയ്യാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്‍റിന്‍റെ ഗുണനിലവാരം ഉയർത്തുക, അവകാശങ്ങൾ സംരക്ഷിക്കുക, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുക, ഉയർന്ന തലത്തിലുള്ള നിയന്ത്രണം നേടുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.