എറണാകുളം: ഇ.പി ജയരാജൻ്റെ ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പോലീസിന് തിരിച്ചറിയാൻ ബുദ്ധിമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടായിട്ടും കേന്ദ്രം വനിതാ സംവരണ ബിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് പങ്കില്ല. പാർട്ടി പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരത്തിനെതിരെയും ആൺകുട്ടികൾ പാന്‍റും ഷർട്ടും ധരിച്ച് സമരം ചെയ്യുന്നത് പോലെയാണ് പെൺകുട്ടികളും സമരം ചെയ്യുന്നതെന്നായിരുന്നു ഇ.പി ജയരാജന്‍റെ വിവാദ പരാമർശം. ഇത് സി.പി.എം ഉയർത്തിക്കാട്ടുന്ന ലിംഗ നിഷ്പക്ഷതയ്ക്ക് എതിരാണെന്ന വിമർശനവും വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.പിയെ പിന്തുണച്ച് പാർട്ടി സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.