Breaking News

ചൂടിനൊപ്പം കാട്ടുതീയും പടരുന്നു; ഈ സീസണിൽ മാത്രം കത്തിനശിച്ചത് 309 ഹെക്ടര്‍ വനം

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കാട്ടുതീയും പടരുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടർ വനം കത്തിനശിച്ചതായാണ് വനംവകുപ്പിന്‍റെ കണക്ക്. വനമേഖലയുടെ പരിസരങ്ങളിൽ അഗ്നിസുരക്ഷാ ഓഡിറ്റ് കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു.

അശ്രദ്ധമായ ഇടപെടലും, പെരുമാറ്റവുമാണ് കാട്ടുതീക്ക് കാരണമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിന്നാണ് തീ പ്രധാനമായും പടരുന്നത്.  മനഃപൂർവം തീയിട്ടതിന് വനംവകുപ്പ് ഇതിനകം 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലയിൽ ഇതുവരെ 133 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടർ വനം കത്തിനശിച്ചു. ഇടുക്കി ജില്ല ഉൾപ്പെടുന്ന ഹൈറേഞ്ച് മേഖലയിൽ മാത്രം 54 തീപിടിത്തങ്ങളാണുണ്ടായത്. 84 ഹെക്ടർ വനം കത്തിനശിച്ചു. കിഴക്കൻ മേഖലയിൽ 62 ഹെക്ടറും തെക്കൻ മേഖലയിൽ 51 ഹെക്ടറും കത്തിനശിച്ചു.

ഉൾവനങ്ങളിൽ തീ പടരുമ്പോൾ അഗ്നിശമന സേനയ്ക്ക് പോലും എത്താൻ കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. വനത്തിനും വന്യജീവികൾക്കും വലിയ ഭീഷണിയുള്ളതിനാൽ മുൻകരുതൽ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ നിർദേശം. ജനവാസ മേഖലകളിൽ മാത്രമല്ല, വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലും തീപിടിത്തത്തിനെതിരെ ജാഗ്രത പുലർത്താനുള്ള ക്യാമ്പയിനുകളും വനംവകുപ്പ് നടപ്പാക്കുന്നുണ്ട്. വിവിധ റേഞ്ചുകളിലും സംസ്ഥാന തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …