Breaking News

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ജൊഹാനസ്ബർഗ്: ക്യാപ്റ്റനായ തന്‍റെ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യം, 7 വർഷമായി ഒരു സെഞ്ച്വറി പോലും നേടാത്തതിന്‍റെ നിരാശ, ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കിയതിന്‍റെ ദുഃഖം, തെംബ ബവുമ ഒരു സെഞ്ച്വറിയിൽ എല്ലാം മറന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 284 റൺസിന്‍റെ തകർപ്പൻ ജയം. മൂന്നാം ദിനം തന്നെ സെഞ്ച്വറി നേടിയ ബവുമയ്ക്ക് ഇന്നലെ വ്യക്തിഗത സ്കോറിലേക്ക് ഒരു റൺസ് മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും അപ്പോഴേക്കും ദക്ഷിണാഫ്രിക്ക വിജയ സ്കോറിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 35.1 ഓവറിൽ ഓൾഔട്ടായി. 106 റൺസിനു പുറത്തായി.

ജെറാൾഡ് കുട്സീ, സൈമൺ ഹാർമർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും, കഗിസോ റബാദ രണ്ട് വിക്കറ്റും വീഴ്ത്തി.
സ്കോർ: ദക്ഷിണാഫ്രിക്ക 320, 321. വെസ്റ്റ് ഇൻഡീസ് 251,106. കരിയറിലെ രണ്ടാം സെഞ്ച്വറി നേടിയ ബവുമയാണ് (172) പ്ലേയർ ഓഫ് ദി മാച്ച്. 2016 ജനുവരിയിലാണ് ബവുമ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കി. എയ്ഡൻ മാർക്രം പരമ്പരയിലെ താരമായി.

ബവുമ ക്യാപ്റ്റനായ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിൽ 87 റൺസിന് വിജയിച്ചെങ്കിലും രണ്ട് ഇന്നിംഗ്സുകളിലും പൂജ്യത്തിനു ബവുമ പുറത്തായിരുന്നു. എന്നാൽ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബവുമ മികച്ച പ്രകടനം കാഴ്ച വച്ചു. രണ്ടാം ഇന്നിംഗ്സിൽ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് നേടിയപ്പോൾ ക്രീസിലെത്തിയ ബവുമ ടീമിനെ 293 റൺസിലേക്ക് നയിച്ച ശേഷം എട്ടാമനായാണ് ഇന്നലെ പുറത്തായത്. 280 പന്തിൽ 20 ഫോറുകളാണ് ബവുമ നേടിയത്. ബവുമയുടെ കുടുംബാംഗങ്ങൾ ഗാലറിയിൽ ഉണ്ടായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …