Breaking News

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലാവ ഒഴുകിയത് ഒന്നര കിലോമീറ്ററോളം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രദേശത്താണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം ഏകദേശം ഒന്നര കിലോമീറ്ററോളം ഒഴുകിയതായാണ് റിപ്പോർട്ടുകൾ.  സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പർവ്വതത്തിൽ നിന്ന് മൂന്ന് മുതൽ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

9,721 അടി ഉയരമുള്ള മെറാപി ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ജാഗ്രതാ തലത്തിലുള്ള രണ്ടാമത്തെ അഗ്നിപർവ്വതമാണിത്. ഇന്നലത്തെ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, പർവ്വതത്തിന്റെ അപകടമേഖലയിൽ നിന്ന് ഇതുവരെ ആരെയും ഒഴിപ്പിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിൽ ആളുകൾ താമസിക്കുന്നില്ലെന്നാണ് വിവരം. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …