അങ്കമാലി : ജോലി തിരക്കുകൾക്കിടയിലും വീട് സ്വന്തമായി പെയിന്റ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് പൗളി പോളച്ചൻ അഴകുള്ള വീടൊരുക്കി. മൂക്കന്നൂർ പാലാട്ട് സ്വദേശിനിയായ പൗളി 1400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടും, 800 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വീടിന് മുന്നിൽ പാകിയ ടൈലുകളും, മതിലുകളുമാണ് പെയിന്റ് ചെയ്തത്.
കെ.എസ്.എഫ്.ഇ മൂക്കന്നൂർ ബ്രാഞ്ചിലെ കളക്ഷൻ ഏജന്റ് ആണ് പൗളി. മാസാവസാന വാരത്തിൽ ചിട്ടിയുമായി ബന്ധപ്പെട്ട തിരക്ക് കുറയുന്ന വേളയിൽ പെയിന്റിംഗിൽ ശ്രദ്ധിക്കും. മുറികളിലെ സീലിംഗ്, പാരപ്പെറ്റ്, തുടങ്ങിയ ബുദ്ധിമുട്ടേറിയ ഭാഗങ്ങളെല്ലാം അവർ മറ്റാരുടെയും സഹായമില്ലാതെയാണ് പെയിന്റ് ചെയ്തത്.
5 വർഷം മുൻപ് വീട്ടിൽ ബാക്കി വന്ന പെയിന്റ് മതിലിൽ അടിച്ച് പരിശീലിച്ച ശേഷം, മതിൽ മുഴുവനായി പെയിന്റ് ചെയ്തു. പൗളി ചേച്ചി സ്വയം വീട് പെയിന്റ് ചെയ്യുന്നത് കണ്ട് അയൽക്കാരിൽ പലരും ഈ രീതി പിൻതുടരുന്നുണ്ട്.