റിയാദ്: ഡോക്ടർമാരും ആരോഗ്യ സ്ഥാപനങ്ങളും മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യ സാമ്പിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് നിർദ്ദേശം. സൗദി നാഷണൽ സെന്‍റർ ഫോർ മെന്‍റൽ ഹെൽത്ത് പ്രൊമോഷന്‍റെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര വലുതാണെങ്കിലും, അവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമിതി വ്യക്തമാക്കി.
ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത് എല്ലാവരും ഉടൻ നിർത്തണമെന്ന് സമിതി ശുപാർശ ചെയ്തു. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഇടപെടുമ്പോൾ ആരോഗ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട പ്രൊഫഷണൽ ചട്ടങ്ങളും സമിതി വിശദീകരിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളുടെ പ്രദേശങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് ആശുപത്രി അധികൃതർ അവരെ തടയണം.
മരുന്ന് കമ്പനികൾ സൗജന്യമായി നൽകുന്ന മരുന്നുകളുടെ സാമ്പിളുകൾ ഹാജരാക്കാൻ ആശുപത്രികൾ സൗകര്യമൊരുക്കരുത്. പുതിയ കമ്പനിയുടെ മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളുടെ ഫാർമസിയിൽ വിൽക്കുന്നതിന് മുമ്പ് സ്വതന്ത്ര സമിതിയുടെ അനുമതി വാങ്ങണം. വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും മെഡിക്കൽ വ്യവസായങ്ങളിൽ നിന്നും ഏതെങ്കിലും പ്രത്യേക അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുന്നതും നിരോധിച്ചു.