മസ്കത്ത്: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് തുടക്കമിട്ട് ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ),ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ എന്നിവരുമായി സഹകരിച്ച് മൊബൈൽ ഫോണുകൾ വഴിയാണ് അലേർട്ട് നൽകുക.
കാലാവസ്ഥാ മുന്നറിയിപ്പ് ലക്ഷ്യമിടുന്ന പ്രദേശത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ പുതിയ പ്രക്ഷേപണ സേവനം സഹായിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാൻ എല്ലാ മൊബൈൽ ഉപയോക്താക്കളോടും ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. റേഡിയോ ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തും.
സബ്സ്ക്രൈബർമാർക്ക് ഇത്തരത്തിലുള്ള സേവനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ചില മേഖലകളിൽ സി.എ.എ. വരും ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സന്ദേശങ്ങൾ അയയ്ക്കും. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലായിരിക്കും സന്ദേശങ്ങൾ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് പതിവായി വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം അലേർട്ട് നോട്ടിഫിക്കേഷൻ സംവിധാനം നിരവധി മനുഷ്യ ജീവൻ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.