പുന്നല: പത്തനംതിട്ടയിൽ യുവതി ആശുപത്രിയിൽ പോകാതെ ഭർത്താവിനെ കൂട്ടിരുത്തി വീട്ടിൽ പ്രസവിച്ച സംഭവത്തില്‍ ഇന്ന് തുടര്‍നടപടി ഉണ്ടായേക്കും. മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനീഷ് ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി.
യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പോകാൻ ഭയപ്പെട്ടിരുന്നതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ആദ്യത്തെ മൂന്ന് മാസം മാത്രമാണ് ആശുപത്രിയിൽ പോയത്. പിന്നീട് വീട്ടിൽ പ്രസവിച്ചവരെ കുറിച്ച് കൂടുതൽ അറിയാൻ യുവതി ശ്രമിച്ചു. തുടർന്ന് യുവതി സ്വയം പ്രസവം നടത്തുകയായിരുന്നെന്നും താൻ സാക്ഷിയാവുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് പറഞ്ഞു.
പത്തനംതിട്ട പുന്നലയ്ക്കടുത്തുള്ള വീട്ടിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പ്രസവത്തെക്കുറിച്ച് ഭാര്യാഭർത്താക്കൻമാർക്ക് മാത്രമേ അറിയാമായിരുന്നുള്ളു. കൊട്ടാരക്കരയിലെ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പാണ് യുവതി ഭർതൃവീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും കുഴപ്പമില്ലെന്ന് മാത്രമാണ് മറുപടി നൽകിയതെന്നും ഭർതൃപിതാവ് പറഞ്ഞു.