തിരുവനന്തപുരം: സ്വപ്നയെ നിയമപരമായി നേരിടാൻ സി.പി.എമ്മിന് നട്ടെല്ലുണ്ടോയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ. പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ അവസ്ഥയിൽ ആണെന്നും സുധാകരൻ ആരോപിച്ചു. ഇനിയും പരിഹാസ്യനാകേണ്ടതുണ്ടോ? കൊന്ന് പാരമ്പര്യമുള്ളവർ ഭരിക്കുന്നതിനാലാണ് സ്വപ്നയെ ഇല്ലാതാക്കുമെന്ന ഭീഷണിയെന്നും, സി.പി.എം ഭരണത്തിന് കീഴിൽ കേരളം അധോലോകമായി മാറിയെന്നും സുധാകരൻ പറഞ്ഞു.
മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിക്കാൻ 10 കോടി നൽകാൻ തയ്യാറായെങ്കിൽ ഇന്ന് 30 കോടി നൽകാനാണ് തയ്യാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പണമാണ് കേസ് ഒതുക്കിത്തീർക്കാൻ സി.പി.എം ഉപയോഗിക്കുന്നത്. വഴങ്ങിയില്ലെങ്കിൽ അവരെ കൊല്ലുമെന്നാണ് ഭീഷണി. കൊന്ന് പാരമ്പര്യമുള്ളവരാണ് അധികാരത്തിലുള്ളത്. സി.പി.എം ഭരണത്തിന് കീഴിൽ കേരളം അധോലോകമായി മാറിയിരിക്കുകയാണ്. വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല, നിയമപരമായി നേരിടാൻ നട്ടെല്ലുണ്ടോ എന്നതാണ് അറിയേണ്ടത്.
സംശയത്തിന്‍റെ ആനുകൂല്യം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും നൽകിയവർ പോലും ഇപ്പോൾ മറിച്ചാണ് ചിന്തിക്കുന്നത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞ അവതാരങ്ങൾ ഓരോന്നായി പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും അധോലോക നീക്കങ്ങളും വെളിച്ചത്ത് വരേണ്ടത് അനിവാര്യമാണ്. ഇതിന് ആവശ്യമായ നിയമപരവും ധാർമ്മികവുമായ നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.