കോഴിക്കോട് : സുഹൃത്തുക്കൾക്കൊപ്പം ആഡംബര കപ്പലിൽ യാത്ര പോകുന്നതിനായി പ്രിയപ്പെട്ട ആടിനെ വിൽക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും 95 കാരിയായ മറിയകുട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ നഷ്ടപ്പെട്ട അതേ ആടിനെ തന്നെ യാത്ര ഒരുക്കിയ കെ.എസ്.ആർ.ടി.സി അധികൃതർ തിരികെ വാങ്ങി നൽകിയപ്പോൾ ഇരട്ടി സന്തോഷം.
ലോക വനിതാദിനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയും, കേരള ഷിപ്പിങ് ആൻഡ് നാവിഗേഷൻ കോർപ്പറേഷനും ചേർന്നൊരുക്കിയ നെഫിർറ്റിറ്റി ഉല്ലാസക്കപ്പൽ യാത്രയിൽ പങ്കെടുക്കാനായിരുന്നു മറിയക്കുട്ടി തന്റെ അരുമയെ വിറ്റത്. ആഗ്രഹങ്ങൾക്ക് മക്കളെ ആശ്രയിക്കേണ്ട എന്ന ചിന്തയും ഉണ്ടായിരുന്നു. ആടിനെ വിറ്റ് കിട്ടിയ 3000 രൂപ കൊണ്ടാണ് അവർ കപ്പൽ കയറാൻ എത്തിയതെന്ന് ഏവർക്കും മനസിലാവുകയും ചെയ്തു.
തുടർന്നാണ് ടൂറിസം സെൽ കോർഡിനേഷൻ അധികൃതർ ആടിനെ വാങ്ങാൻ സ്വന്തം പോക്കറ്റിൽ നിന്നും അവർക്ക് പണം നൽകിയത്. മകൻ ആലിക്കുട്ടി, മറിയക്കുട്ടി വിറ്റ അതേ ആടിനെ തന്നെ തിരികെ വാങ്ങി നൽകുകയും ചെയ്തു. അടുത്ത വനിതാ ദിനത്തിലും യാത്ര ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും, സഹായിച്ച ഏവർക്കും നന്ദി ഉണ്ടെന്നും മറിയക്കുട്ടി അറിയിച്ചു.