അഹമ്മദാബാദ്: വിരാട് കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്. മത്സരത്തിന് മുമ്പ് കോഹ്ലിക്ക് സുഖമില്ലായിരുന്നുവെന്ന് അനുഷ്ക ശർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 8 മണിക്കൂർ ക്രീസിൽ ചെലവഴിച്ച കോഹ്ലി തന്‍റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സുകളിലൊന്നാണ് കളിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക ദിവസമാണ്. അവസാന ദിവസം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. സമനിലയോ തോൽവിയോ സംഭവിച്ചാൽ ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക 2-0 ന് ജയിക്കാതിരിക്കണം. ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനമാണ് ഇന്ന്.
നടുവേദനയെത്തുടർന്ന് ഇന്നലെ സ്കാൻ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. താരം ആബ്സന്റ് ഹർട്ടായി പുറത്തായിരുന്നു.