കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിച്ച സംഭവത്തിൽ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായും ഇതാണ് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ കൂടുതൽ വേഗത്തിൽ പടരാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ജെസിബി ഡ്രൈവറായിരുന്ന പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാറിന്‍റെ ഡ്രൈവർ സീറ്റിനടിയിൽ വച്ചിരുന്നു. കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിയില്ലെങ്കിലും തീ പടരാൻ കാരണമായത് ഇതാണ്. എയർ പ്യൂരിഫയറിന്‍റെ സാന്നിധ്യവും അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. വാതിൽ വരെ തീ പടർന്നതോടെ ലോക്കിംഗ് സംവിധാനവും പ്രവർത്തനരഹിതമായി.
ഇന്നലെയാണ് കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പൊള്ളലേറ്റ് മരിച്ചത്. കാറിന്‍റെ പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടു.
പ്രസവത്തീയതി അടുക്കുന്നതിനാൽ അഡ്മിറ്റ് ആകാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളുമായാണ് റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കാറിൽ നിന്ന് തീ പടരുന്നത് കണ്ട് പുറകിലെ വാഹനത്തിലുണ്ടായിരുന്നവർ ഓടിയെത്തി. എന്നാൽ കാറിന്‍റെ ഡോർ ലോക്കായി കൈകൾ പുറത്തിട്ട് സഹായത്തിനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്‍റെ പിൻവാതിൽ തുറന്ന് നൽകിയത്. 200 മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്ന് വാഹനം എത്തി തീ അണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുമരിച്ചിരുന്നു. പിൻസീറ്റിൽ ഉണ്ടായിരുന്ന റീഷയുടെ ഏഴുവയസ്സുള്ള മകൾ, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, മകൾ ശ്രീപാർവതിയുടെ ഇളയമ്മ സജ്ന എന്നിവരെ രക്ഷപ്പെടുത്താനായി.