മലപ്പുറം : കാലിത്തൊഴുത്തിലും, വീട്ടുവരാന്തയിലുമായാണ് കഴിഞ്ഞ 27 വർഷം ഒരു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കുട്ടികൾ അനുഭവിച്ച ദുരിതം ഓർക്കുമ്പോൾ അധ്യാപിക കെ.കെ. ബിന്ദുവിന്റെ കണ്ണ് നിറയും. എന്നാൽ, ആ വിഷമകാലങ്ങൾ എല്ലാം ഒഴിയുകയാണ്.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലെ പാലപ്പെട്ടി പുതിയിരുത്തി 71ആം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നതിൽ അധ്യാപികയും, വിദ്യാർത്ഥികളും, നാട്ടുകാരും സന്തോഷത്തിലാണ്. പാലപ്പെട്ടി സ്വദേശി തണ്ടാംകോളി കുഞ്ഞുമൊയ്തീനാണ് പാലപ്പെട്ടി സ്വാമിപ്പടിക്ക് കിഴക്ക് ദേശീയ പാതയോട് ചേർന്നുള്ള നല്ല വില ലഭിക്കുന്ന ഭൂമി അങ്കണവാടിക്കായി സൗജന്യമായി നൽകിയത്. നിലവിൽ അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു അങ്കണവാടിയുടെ പ്രവർത്തനം.
ഭൂമിയില്ലാത്തതിനാൽ മുടങ്ങികിടന്ന നിർമാണപ്രവർത്തനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കെ.മനാഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫക്ക് കുഞ്ഞുമൊയ്തീൻ ഭൂമിയുടെ ആധാരം കൈമാറി. സൗദ അബ്ദുല്ല, ടി.എച്ച്. മുസ്തഫ, സുനിൽ ദാസ്, എ.എച്ച്. റംഷീന, നവാസ് പെരുമ്പടപ്പ്, തേജസ്.കെ. ജയൻ, അബ്ദുല്ല പാലപ്പെട്ടി, ജയപ്രകാശ്, പി.റാഫി എന്നിവർ സംസാരിച്ചു.