Breaking News

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്…

‘വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്’,  ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന്‍റെ തലക്കെട്ടാണിത്. തന്നേക്കാള്‍ ചെറിയ പ്രായമുള്ള പുരുഷന്മാരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണമെന്നാണ് കുറിപ്പെഴുതിയ മുരളി തുമ്മാരുകുടി പറയുന്നത്.

ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് മുരളിതുമ്മാരുകുടി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; 

വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്!

കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്. പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്. കേരളത്തിൽ പൊതുവെ തന്നെക്കാൾ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകൾ വിവാഹം കഴിക്കുന്നത്. ഇതിന്റെ പരിണതഫലം എന്താണ്? അവരുടെ ഭർത്താക്കന്മാർ അവരെക്കാളും വളരെ മുൻപേ മരിച്ചുപോകുന്നു. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 60 കഴിഞ്ഞ ആണുങ്ങളിൽ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭർത്താവ് മരിച്ച സ്ത്രീകളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്.

അതായത് അറുപത് കഴിഞ്ഞ സ്ത്രീകളിൽ രണ്ടിലൊന്നിൽ കൂടുതൽ വിധവകളാണ്. എൺപത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താൽ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുന്പോൾ ഭർത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്! സ്വന്തമായി വരുമാനമുള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമായി ഭർത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതൽ ദുരിതമാണ്.

അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാർ മരിച്ചാൽ അവർ രണ്ടാമത് വിവാഹം കഴിക്കുന്നതിൽ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്പത് കഴിഞ്ഞ വിധവകൾ രണ്ടാമത് വിവാഹം

കഴിക്കുന്നതു പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്പര്യമില്ല. ഈ പറഞ്ഞ വിഷയങ്ങൾ നിങ്ങളെ ബാധിക്കുന്നതല്ല, വിദൂരഭാവിയിലെ കാര്യങ്ങൾ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെൺകുട്ടികൾ കരുതുക.

പക്ഷെ Demography is destiny. അതുകൊണ്ട് കുറച്ച് ആചാരങ്ങൾ മാറിയില്ലെങ്കിൽ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട. അതുകൊണ്ട് വിവാഹം ചെയ്യാത്ത പെൺകുട്ടികൾ ഒരു കാര്യം ഇപ്പോഴേ മനസ്സിൽ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് (എന്നുവെച്ച് ഓവർ ആക്കണ്ട!) വിവാഹം കഴിച്ചവർക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേരിലാക്കുക. അച്ഛന്റെ സ്വത്ത് സ്വന്തം മക്കൾക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാർത്ഥത ഒന്നും വേണ്ട. ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസ്സുകാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാൽ ബോണസ്സായി കരുതിയാൽ മതി. പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. വയസ്സായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാൽ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാൻ പോകേണ്ട കാര്യമില്ല, അതൊക്കെ ഓൾഡ് ഫാഷൻ അല്ലെ. കുറച്ചു ലിവിങ്ങ് ടുഗെതർ ഒക്കെ ആകാം…

updating….

മുരളി തുമ്മാരുകുടി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …