തൃശ്ശൂര്‍: ഒരേസമയം നടാനും വളമിടാനുമുള്ള സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ യന്ത്രത്തിനുള്ള പേറ്റന്‍റ് നേടി കാർഷിക സർവകലാശാല. പേറ്റന്‍റ് ഓഫീസിൽ നിന്ന് 10 വർഷത്തേക്ക് സർവകലാശാലയ്ക്ക് ഡിസൈൻ രജിസ്ട്രേഷൻ ലഭിച്ചു. ചെടികൾ തമ്മിലുള്ള ദൂരവും ഈ മെഷീനിൽ ക്രമീകരിക്കാൻ കഴിയും. മണിക്കൂറിൽ ഇടയകലത്തില്‍ 10 സെന്‍റ് സ്ഥലത്ത് കൃഷിയിറക്കാം.
കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകൾ നടുന്നതിനും ഈ യന്ത്രം ഉപയോഗപ്രദമാകും. ഒരേ ആഴത്തിൽ ചാലുകൾ തുറന്ന് നിശ്ചിത അളവിൽ വിത്തുകളും വളവും ചാലുകളിലെ പ്രത്യേക അറകളിൽ നിക്ഷേപിച്ച് മണ്ണ് കൊണ്ട് മൂടുക എന്നതാണ് യന്ത്രത്തിന്‍റെ പ്രവർത്തന രീതി. വെള്ളായണി കാർഷിക കോളേജിലെ വിള പരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞർ, ഡോ.ജേക്കബ് ഡി, ഷീജ കെ.രാജ്, ഡോ.ശാലിനി പിള്ള, ഗവേഷക വിദ്യാർഥികളായ ബി. നവ്യശിഖാ, എസ്. ആര്‍. സ്‌നേഹ, അരുണിമാ ബാബു, വി.വി. നമിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യന്ത്രം നിർമ്മാണത്തിനു പിന്നിൽ.
തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഫാം മെഷിനറി ടെസ്റ്റിംഗ് സെന്‍ററിലാണ് യന്ത്രത്തിന്‍റെ കാര്യക്ഷമത വിലയിരുത്തൽ നടത്തിയത്.