പത്തനംതിട്ട : സ്വന്തമായൊരു വീട് നിർമ്മിക്കുക എന്ന സ്വപ്നം കാലങ്ങളായി മനസ്സിൽകൊണ്ടു നടക്കുന്ന അനേകം ആളുകളുണ്ട്. ഒടുവിൽ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല. പത്തനംതിട്ട കലഞ്ഞൂരിലെ ദമ്പതികൾ ഇപ്പോൾ ആ സന്തോഷം അനുഭവിക്കുകയാണ്. 30 വർഷം വാടകവീട്ടിൽ താമസിച്ച അവർ സ്വന്തമായി നിർമ്മിച്ച ഭവനത്തിൽ താമസം ആരംഭിച്ചു.
വീടിന് അനുവദിച്ച തുക തികയില്ലെന്ന് മനസ്സിലായതോടെയാണ് നിർമ്മാണപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കാമെന്ന തീരുമാനത്തിലേക്ക് വിക്രമൻ പിള്ളയും, ഭാര്യ മണിയും എത്തുന്നത്. തുടർന്ന് ഘട്ടം ഘട്ടമായി ഓരോ പ്രവർത്തനങ്ങളും ആരംഭിച്ചു. തടിപ്പണികൾ, വയറിംഗ് എന്നിവക്ക് മറ്റ് ആളുകളെ കൂട്ടിയതൊഴിച്ചാൽ വീടിന്റെ നല്ലൊരു ഭാഗവും ദമ്പതികളുടെ അധ്വാനത്താൽ പൂർത്തിയായതാണ്.
സ്വന്തമായി ഒരു വീട് നിർമ്മിച്ച് അതിൽ ഉറങ്ങാൻ സാധിക്കുന്നത് വലിയ സന്തോഷമാണെന്നും, ഇത് സത്യമാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും വീട്ടമ്മയായ മണി പറഞ്ഞു.