തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നന്മകളും നേര്‍ന്നു. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയ പങ്കുവച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ മന്ത്രി സൂപ്രണ്ടിനു നിർദ്ദേശം നൽകി. കുഞ്ഞിനാവശ്യമായ പാൽ മുലപ്പാൽ ബാങ്കിൽ നിന്ന് കൃത്യമായി നൽകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിൽ ചികിത്സയിലാണ് സഹദ്. സഹദിന്‍റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പ്രത്യേക മുറിയും അനുവദിച്ചിരുന്നു. പ്രമേഹം കൂടുതലായതിനാൽ രാവിലെ സിസേറിയൻ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY