Breaking News

ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിയണമെന്ന് കസ്റ്റമറിനോട് എക്‌സിക്യുട്ടീവ്; പ്രതിഷേധം ശക്തമായതോടെ ഒടുവിൽ തമിഴില്‍ മാപ്പു പറഞ്ഞ് സൊമാറ്റോ…

ഹിന്ദി അറിയില്ലെന്ന കാരണം പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ. സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താവിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്.

പണം നല്‍കി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതില്‍ വികാസ് എന്ന ഉപഭോക്താവ് ഹോട്ടലില്‍ വിളിച്ച്‌ പരാതിപ്പെട്ടപ്പോഴാണ് സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പറഞ്ഞത്. തുടര്‍ന്ന് വികാസ് കസ്റ്റമര്‍ കെയറിനെ സമീപിച്ചു. പിന്നാലെ പണം നല്‍കുന്ന കാര്യം സ്ഥിരീകരിക്കാന്‍ കസ്റ്റമര്‍ കെയര്‍ ഏജന്റ് ഹോട്ടലുമായി ബന്ധപ്പെട്ടു, എന്നാല്‍ തമിഴ് അറിയാത്തതിനാല്‍ അവര്‍ പറഞ്ഞത് ഏജന്റിന് മനസിലായില്ല.

ഇത് വികാസിനെ അറിയിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്. ഹിന്ദി ദേശീയഭാഷയാണെന്നും, ഇന്ത്യക്കാരനായാല്‍ അല്‍പമെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു സംസാരത്തിനിടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ പരാമര്‍ശം. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സൊമാറ്റോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.

#RejectZomato, #StopHindiImposition എന്നീ ഹാഷ്ടാഗുകളും പ്രചരിച്ചു. ഇതോടെ തമിഴില്‍ മാപ്പുമായി സൊമാറ്റോ എത്തുകയായിരുന്നു. വണക്കം വികാസ്.തങ്ങളുടെ കസ്റ്റമര്‍ കെയറിന്റെ പ്രവര്‍ത്തിയില്‍ മാപ്പു ചോദിക്കുന്നുവെന്നും സൊമാറ്റോയെ അവഗണിക്കരുതെന്നും കമ്ബനി തമിഴിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തു. ഡിഎംകെ നേതാവ് കനിമൊഴിയും സൊമാറ്റോയ്ക്ക് എതിരെ ട്വീറ്റുമായി രംഗത്തു വന്നു.

‘ചില കമ്ബനികളുടെ കസ്റ്റമര്‍ കെയര്‍ ചില തെരഞ്ഞടുക്കപ്പെട്ട ഭാഷകളില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ഏത് നാട്ടിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് അന്നാട്ടിലെ പ്രാദേശിക ഭാഷയിലും അവര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. കസ്റ്റമറിന് ഹിന്ദിയോ ഇംഗ്ലീഷോ അറിഞ്ഞിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല- കനിമൊഴി കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …