Breaking News

മോഷണശ്രമം പാളി, ജ്വല്ലറി ഉടമയോട് ക്ഷമാപണം നടത്തി കത്തെഴുതി വച്ച് കള്ളന്മാർ

മീററ്റ്: സംഗതി കള്ളൻമാരാണെങ്കിലും, അവരിലും ചില തമാശക്കാരുണ്ടാകും. പലപ്പോഴും ഇത്തരം കള്ളന്മാരുടെ മോഷണ കഥകൾ നമ്മെ ചിരിപ്പിക്കാറുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ഇത്തരം രണ്ട് മോഷ്ടാക്കൾ നടത്തിയ കവർച്ചാ ശ്രമത്തിന്‍റെ കഥ പുറത്തുവരുന്നത്. മണി ഹെയ്സ്റ്റ് സീരീസിനെ പോലും വെല്ലുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കി ജ്വല്ലറിക്കുള്ളിൽ മോഷണം നടത്താൻ കയറിയ ഈ കള്ളന്മാരുടെ ശ്രമം പരാജയപ്പെട്ടു.  കവർച്ചാ ശ്രമം പരാജയപ്പെട്ടെങ്കിലും മോഷ്ടിക്കാൻ കയറിയ ജ്വല്ലറിയുടെ ഉടമയ്ക്ക് മാപ്പ് അപേക്ഷിച്ച് കത്തെഴുതി വച്ചാണ് ഇരുവരും മടങ്ങിയത്.

ജ്വല്ലറിയുടെ പരിസരത്തുകൂടി ഒഴുകുന്ന അഴുക്കുചാലിൽ നിന്നാണ് ഇവർ ജ്വല്ലറിയിലേക്കുള്ള തുരങ്കം നിർമ്മിക്കാൻ തുടങ്ങിയത്. 15 അടി നീളമുള്ള തുരങ്കം നിർമ്മിച്ചപ്പോഴേക്കും ജ്വല്ലറിയിൽ എത്തി. അങ്ങനെ ആ തുരങ്കത്തിലൂടെ ജ്വല്ലറിക്കുള്ളിലേക്ക് കടന്നു. എന്നാൽ സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിരുന്ന മുറിയുടെ വാതിൽക്കൽ എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അവർ എത്ര ശ്രമിച്ചിട്ടും ആ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. നിന്നിട്ട് കാര്യമില്ല എന്നായത്തോടെ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ പോകുന്നതിനു മുമ്പ് ജ്വല്ലറി ഉടമയ്ക്ക് ക്ഷമാപണ കത്ത് എഴുതാൻ മോഷ്ടാക്കൾ മറന്നില്ല. ഇരുവരുടെയും പേരും കത്തിനോടൊപ്പം എഴുതി. ചിന്നു, മുന്നു എന്നീ പേരുകളാണ് കത്തിൽ വച്ചിരിക്കുന്നത്.

പിറ്റേന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമയാണ് മോഷണശ്രമം നടന്നതായി പൊലീസിനെ അറിയിച്ചത്. കടയിൽ നിന്ന് കണ്ടെത്തിയ മോഷ്ടാക്കളുടെ കത്തും ഇയാൾ പൊലീസിന് കൈമാറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് റൂമിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്. സ്ട്രോങ് റൂമിന്‍റെ വാതിലിൽ തൂങ്ങിക്കിടന്നിരുന്ന ശ്രീകൃഷ്ണന്‍റെ ചിത്രം മോഷ്ടാക്കൾ പുറം തിരിച്ച് വച്ചിരുന്നതായും കടയുടമ പൊലീസിനോട് പറഞ്ഞു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ എടുത്തുകൊണ്ട് പോയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …