എവറസ്റ്റ് കീഴടക്കിയവർക്ക് ഉണ്ടാവുന്ന അതേ സന്തോഷമാണ് ലഡാക്കിലെത്തിയപ്പോൾ ഗോപുവിന് തോന്നിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ കർദുംഗ് ലാ പാസിലേക്ക് സൈക്കിൾ ചവിട്ടി കയറുമ്പോൾ തണുപ്പും, ഒക്സിജൻ ഇല്ലായ്മയും ആ യുവാവിന്റെ മനസ്സിനെ കീഴ്പെടുത്തിയില്ല. എല്ലാം അതിജീവിച്ച് ഗോപു ഗോപാലൻ ചെന്നെത്തിയത് 17,982 അടി ഉയരത്തിൽ.
2022 ഫെബ്രുവരി 9ന് കുളനട പാണിൽ മാവുനിൽക്കുന്നതിൽ വീട്ടിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 13 സംസ്ഥാനങ്ങളിലൂടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് 204 ദിവസമെടുത്താണ് ലഡാക്കിലെ കർദുംഗ് ലായിൽ എത്തിയത്. പ്രകൃതിസംരക്ഷണത്തിന്റെയും, പ്ലാസ്റ്റിക് നിർമാർജ്ജനത്തിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയൊരു ലക്ഷ്യവും യാത്രയുടെ പിന്നിൽ ഉണ്ടായിരുന്നു.
യാത്രയ്ക്കിടയിലെ ഗ്രാമീണ കാഴ്ചകൾ ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയായിരുന്നു.അഞ്ച് വർഷം മുമ്പ് കേദാർനാഥ്, ബദ്രിനാഥ്, ഋഷികേശ് എന്നിവിടങ്ങളിലേക്കുള്ള ബൈക്ക് യാത്രക്കിടെ പേഴ്സും, മൊബൈൽ ഫോണും മോഷണം പോയതുൾപ്പെടെയുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചതേയില്ല. സൈക്കിളിൽ ഇത്രയും ദൂരം പിന്നിടുന്നത് ആദ്യമായാണ്. ഒരു ദിവസം കുറഞ്ഞത് 80 കിലോമീറ്ററെങ്കിലും സൈക്കിളിൽ താണ്ടും. വഴിയിൽ ടെന്റ് കെട്ടി, സ്ലീപിംഗ് ബാഗിൽ ഉറങ്ങിയും, തനിയെ ഭക്ഷണം പാകം ചെയ്തുമായിരുന്നു ഗോപുവിന്റെ യാത്ര.