ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിൻ്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിച്ചയുടൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധന്‍കര്‍ ഖർഗെയുടെ വാക്കുകൾ നീക്കം ചെയ്യുകയായിരുന്നു.
സമ്മർദ്ദത്തിലാണ് ചെയർ പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പലതവണ പരാമർശിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പറയുമ്പോഴെല്ലാം, സഭയിൽ നിൽക്കാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾ നഷ്ടപ്പെടുത്തുകയാണെന്ന് ധന്‍കര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ നിര്‍ത്തിവെച്ചു. പ്രതിപക്ഷ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിങ്, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, ശക്തി സിങ് ഗോഹില്‍, സന്ദീപ് പതക്, കുമാര്‍ കേത്കര്‍ എന്നിവർക്ക് ധൻകർ താക്കീത് നൽകി. തുടർന്ന് മാർച്ച് 13നു രാജ്യസഭ വീണ്ടും സമ്മേളിക്കാനായി പിരിഞ്ഞു.