കൊരട്ടി : ഐ.ടി ആഗോള സാധ്യതകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ എബിൻ ജോസ് എന്ന സംരംഭകന്റെ കയ്യിൽ ഉണ്ടായിരുന്നത് വെറും 200 രൂപയുടെ മൂലധനം മാത്രമായിരുന്നു. അന്ന് മുതൽ കൂടെ നിന്ന് കമ്പനിയെ വിജയിപ്പിച്ച സഹപ്രവർത്തകന് ബെൻസ് കാർ സ്നേഹസമ്മാനമായി നൽകിയിരിക്കുകയാണ് അദ്ദേഹം.
കൊരട്ടി ഇൻഫോ പാർക്കിലെ ജോലിക്കാരനിൽ നിന്ന് ആഗോള ഐ.ടി. സൊല്യൂഷൻ പ്രൊവൈഡർ വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തേക്കാണ് എബിൻ ജോസ് ഉയർന്നത്. എല്ലാ പിന്തുണയും നൽകി കമ്പനിക്ക് ഒപ്പം നിന്ന ചീഫ് ക്രിയേറ്റിവ് ഓഫീസർ ക്ലിന്റ് ആന്റണിക്ക് എബിൻ ജോസ് 70 ലക്ഷം രൂപയുടെ മേഴ്സിഡസ് ബെൻസ് ക്ലാസ്സ് നൽകി ആദരിക്കുകയായിരുന്നു.
2012 ൽ കമ്പനി ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന 4 ജീവനക്കാരിൽ ആദ്യത്തെ വ്യക്തിയായിരുന്നു ക്ലിന്റ് ആന്റണി. 10 വർഷങ്ങൾക്കുള്ളിൽ ലോകത്താകമാനം കൂടുതൽ ഇടപാടുകാരുള്ള 650 ഓളം പ്രമുഖ കമ്പനികളുടെ പട്ടികയിൽ സ്ഥാനം നേടാൻ സംരംഭത്തിന് സാധിച്ചു എന്ന് വൈസ് പ്രസിഡന്റ് ആയ ജിലു ജോസഫ് വ്യക്തമാക്കി. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി.ഇ.ഒ കെ.ജി. ഗിരീഷ് ബാബു, മെന്റർ ജോസഫ് മറ്റപ്പള്ളി, ഷമീം, റഫീഖ് തുടങ്ങിയവർ ക്ലിന്റിന് വാഹനം സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷികളായി.