ന്യൂഡല്‍ഹി: ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യക്കെതിരായ ഡൽഹി ടെസ്റ്റിൽ തുടർന്ന് കളിക്കില്ല. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ വാർണർക്ക് കളി തുടരാൻ കഴിയില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചു. കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ദിനം ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന്‍റെ പന്തിലാണ് വാർണർക്ക് പരിക്കേറ്റത്. മറ്റൊരു ബൗൺസറിൽ താരത്തിന്റെ കൈക്കും പരിക്കേറ്റു. ബാറ്റിങ് തുടർന്ന വാർണർ 15 റണ്‍സെടുത്ത് പുറത്തായി. ശേഷം താരം ഫീല്‍ഡിങ്ങിന് എത്തിയിരുന്നില്ല. ഐസിസിയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം അനുസരിച്ച്, ഒരു കളിക്കാരന് തലയ്ക്ക് പരിക്കേറ്റാൽ, ആ ടീമിന് പകരം മറ്റൊരു കളിക്കാരനെ കളിപ്പിക്കാം.
മോശം ഫോം കാരണം വാർണറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സമയത്താണ് ഡൽഹി ടെസ്റ്റിനുള്ള ഓസ്ട്രേലിയ ടീമിൽ താരത്തെ ഉൾപ്പെടുത്തിയത്. എന്നാൽ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും പരാജയപ്പെട്ട വാർണർക്ക് ഇവിടെയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.