സംസ്ഥാനത്തെ മദ്യ വില്പ്പനയ്ക്കായ് ബിവറേജസ് കോർപ്പറേഷന് വേണ്ടി വികസിപ്പിച്ചെടുത്ത വെർച്യൽ ക്യൂ ആപ്പായ ബെവ് ക്യൂവിന് കഴിഞ്ഞ ദിവസം ഗൂഗിൾ അംഗീകാരം ലഭിച്ചിരുന്നു.
ആപ്പിന്റെ ബീറ്റ വേർഷൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. ആപ്പ് എല്ലാവർക്കും ലഭ്യമാകുന്നതോടെ മദ്യ വിതരണം ആപ്പിലൂടെ മാത്രമാക്കി ചുരുക്കാനും സർക്കാരിന് പദ്ധതിയുള്ളതായാണ് സൂചന.
ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്ക് വർദ്ധിച്ചാൽ സാമൂഹിക അകലം നടപ്പാകില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ ഈ പുതിയ നടപടി. രണ്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ബിവറേജസ് കോർപ്പറേഷനുകൾ തുറന്ന്
പ്രവർത്തിക്കുന്നതിന് സഹാമൊരുക്കുന്ന ബെവ് ക്യൂ ആപ്പ് എങ്ങനെയാണ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് എന്ന് നോക്കാം. മറ്റെല്ലാ ആപ്പുകൾക്കും സമാനമായ ആപ്പ് തന്നെയാണ് ബെവ് ക്യൂ ആപ്പും.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്യാന്‍ സാധിക്കും.
ഡൌൺലോഡ് ചെയ്യുമ്പോൾ ആപ്പിന് ആവശ്യമായ പെർമിഷനുകൾ നൽകാനും ഒറിജിനൽ ആപ്പ് തന്നെയാണ് ഡൌൺലോഡ് ചെയ്തത് എന്ന് ഉറപ്പാക്കാനും
പ്രത്യേകം ശ്രദ്ധിക്കുക.
ബെവ് ക്യൂ ആപ്പ് ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ് അല്ല. ഈ ആപ്പിന്റെ ലക്ഷ്യം ബിവറേജസ് കോർപ്പറേഷനുകളിലെ തിരക്ക് നിയന്ത്രിക്കുക എന്നതാണ്.
വെർച്വൽ ക്യൂ സംവിധാനമായാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമ്മൾ മിക്ക സർവ്വീസ് ആപ്പുകളിലും കാണുന്ന രീതിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഉപയോക്താവിന്റെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ഇതിനായി നൽകേണ്ടത്.
വിവരങ്ങൾ നൽകി കഴിഞ്ഞാൽ ചെക്ക് ബോക്സിലെ എല്ലാ നിബന്ധനകളും അഗീകരിക്കുന്നു എന്നതിൽ ടിക് ചെയ്ത് സബ്മിറ്റ് ചെയ്യാം. ആപ്പിൽ ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ്.
മദ്യം വാങ്ങേണ്ട ആളുകൾക്ക് ബിവറേജസ് ഔട്ട്ലെറ്റുകളിൽ പോയി ക്യൂ നിൽക്കുന്നതിന് പകരം ആപ്പിലൂടെ ഒരു വെർച്യൽ ക്യൂ സൃഷ്ടിക്കുകയും ഉപയോക്താവിന് മദ്യം ലഭ്യമാകുന്ന സമയമടക്കമുള്ള വിവരങ്ങൾ അടങ്ങുന്ന ടോക്കൺ നൽകുകയുമാണ് ചെയ്യുന്നത്.
എല്ലാ ആപ്പുകളിലും കാണാറുള്ളതുപോലെ രജിസ്ട്രേഷന്റെ ഭാഗമായി നൽകിയ വിവരങ്ങൾ പരിശോധിക്കുന്ന ഒരു വേരിഫിക്കേഷൻ സംവിധാനം ബെവ് ക്യൂ ആപ്പിലും ഉണ്ട്. ലോഗിൻ വിവരങ്ങളുടെ വിൻഡോയിൽ
നൽകിയ മൊബൈൽ നമ്പരിലേക്ക് ആറ് അക്കങ്ങളുള്ള ഒരു ഒടിപി വരും. ഈ ഒടിപി നൽകി സബ്മിറ്റ് ചെയ്താൽ വേരിഫിക്കേഷൻ പൂർത്തിയാക്കാന്‍ സാധിക്കും. ഒടിപി ലഭിച്ചില്ലെങ്കിൽ വീണ്ടും ഒടിപി അയക്കാനുള്ള ഓപ്ഷനും ആപ്പിലുണ്ട്.
Updating….