ഇടിഞ്ഞാർ : കുഞ്ഞാറ്റ എന്ന ആട്ടിൻകുട്ടി അസ്നയുടെ ജീവനായിരുന്നു. പക്ഷേ ഉപ്പയുടെ ചികിത്സക്കായി അരുമയെ വിൽക്കേണ്ടി വന്നു അവൾക്ക്. എന്നാൽ ആഗ്രഹപ്പെട്ടിയിലൂടെ അസ്നക്ക് പുതിയ ആട്ടിൻകുട്ടിയെ ലഭിച്ചു. അതിന് വഴിയൊരുക്കിയ സ്കൂളിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
ഇടിഞ്ഞാർ ട്രൈബൽ ഹൈസ്ക്കൂളിലാണ് ഓരോ കുട്ടിക്കും അവരുടെ ആഗ്രഹങ്ങൾ അറിയിക്കുന്നതിനായി ആഗ്രഹപ്പെട്ടി സ്ഥാപിച്ചിരുന്നത്. കുഞ്ഞാറ്റയെ വിൽക്കേണ്ടി വന്നുവെന്നും, ഉപ്പയുടെ കയ്യിൽ ഉടനെ ഒരു ആടിനെ വാങ്ങാൻ പണം ഇല്ലെന്നും അഞ്ചാം ക്ലാസുകാരിയുടെ കുറിപ്പിൽ നിന്നും വായിച്ചറിഞ്ഞ സ്കൂൾ അധികൃതർ പുതിയൊരു ആട്ടിൻകുട്ടിയെ അസ്നക്ക് വാങ്ങി നൽകി.
സ്കൂളിന്റെ ഹൃദ്യമായ ആശയം ഏറെ അഭിനന്ദനമർഹിക്കുന്നുവെന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. അസ്നയുടെ നഷ്ടത്തിന് പകരമാവില്ലെങ്കിലും പുതിയ ആട്ടിൻകുട്ടി വളർന്ന് വലുതാവുന്നത് വരെ എല്ലാവരും ഒപ്പം ഉണ്ടാവുമെന്നും അദ്ദേഹം രേഖപ്പെടുത്തി. സ്കൂളിലെ ആഗ്രഹപ്പെട്ടി , അസ്നയുടെ കുറിപ്പ്, ആട്ടിൻകുട്ടിയെ സമ്മാനിക്കുന്ന സ്കൂൾ അധികൃതർ എന്നീ ചിത്രങ്ങൾ ഉൾപ്പെടുത്തിയായിരുന്നു മന്ത്രിയുടെ അഭിനന്ദന വാക്കുകൾ.