Breaking News

മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ വീട്ടിലെത്തിച്ച്‌ ഇരുപത്തിമൂന്നുകാരി

മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ വീട്ടിലെത്തിച്ച ഇരുപത്തിമൂന്നുകാരിയാണ് ഇപ്പോള്‍ നാട്ടിലെ താരം. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്‌ന സുബ്രഹ്മണ്യനാണ് തന്റെ അന്വേഷണാത്മക ബുദ്ധി കൊണ്ട് സ്വന്തം മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ഡയറക്‌ട് മാര്‍ക്കറ്റിം​ഗ് നടത്തുന്ന ചെറുപ്പക്കാരന്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കമ്ബനിയുടെ മാനേജര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ജസ്നക്ക് കൈമാറുകയായിരുന്നു.

ഈ മാസം 23നു വൈകിട്ടാണ് വീടിന്റെ ഉമ്മറത്ത് നിന്നും ജസ്നയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. സമീപത്തെ കുഞ്ഞിക്കുട്ടന്‍ എന്നയാളുടെ ഫോണും ഇതേ സമയം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ മോഷ്ടാവിനെ പിടികൂടാന്‍ ജസ്ന ഉറപ്പിച്ചു. സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുമായി ഒരു ചെറുപ്പക്കാരന്‍ ഇതേ സമയം പരിസരത്തെ വീടുകളില്‍ എത്തിയതായി മനസ്സിലാക്കി.

ഇതോടെ ജസ്ന മാള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മടങ്ങും വഴി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇതേ വസ്തുക്കള്‍ വില്‍പന നടത്തുന്നവരെ കണ്ടെത്തി. ഇവരുമായി വിവരം പങ്കുവച്ചു. ഇവരില്‍ നിന്നു കമ്ബനി മാനേജരുടെ നമ്ബര്‍ വാങ്ങി. അയല്‍ വീട്ടുകാരില്‍ നിന്നു ലഭ്യമായ വിവരമനുസരിച്ച്‌ മോഷ്ടാവിന്റെ ലക്ഷണങ്ങള്‍ വിവരിച്ചു.

മാനേജര്‍ നാലു പേരുടെ ചിത്രം ജസ്‌നയ്ക്ക് നല്‍കി. ഇതുമായി പൂപ്പത്തിയിലെത്തി സമീപത്തെ വീടുകളിലെത്തി കാണിച്ച്‌ പ്രതിയെ ഉറപ്പിച്ചു. മാനേജരോട് ഇയാളെന്ന് വ്യക്തമാക്കി. മാനേജര്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ജസ്നയുടെ മൊബൈല്‍ മാനേജര്‍ക്കു നല്‍കിയശേഷം ഇയാള്‍ മുങ്ങി. മാള സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണു മാനേജര്‍ ജസ്‌നയ്ക്ക് മൊബൈല്‍ കൈമാറിയത്. കുഞ്ഞിക്കുട്ടന്റെ മൊബൈല്‍ തിരികെ കിട്ടിയിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …