ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം നേടാൻ ഖത്തറും രംഗത്ത്. രാജകുടുംബാംഗവും ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാനുമായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയാണ് ക്ലബ് ഏറ്റെടുക്കാൻ താൽപ്പര്യപത്രം സമർപ്പിച്ചത്.
നയൻ ടു എന്ന ഫൗണ്ടേഷന്റെ പേരിലാണ് ഇത്. കടങ്ങൾ വീട്ടുമെന്നും കളിക്കളത്തിലും പുറത്തും ഒരു പുതിയ ജീവൻ നല്കി ക്ലബ്ബിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഉടമസ്ഥത ഖത്തറിനാണ്.
നിലവിലെ ഉടമകളായ ഗ്ലെയ്സർ കുടുംബം കഴിഞ്ഞ വർഷം അവസാനം ക്ലബ്ബിന്റെ വിൽപ്പന പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബിന്റെ മൂല്യം ഏകദേശം 6 ബില്യൺ പൗണ്ട് (ഏകദേശം 60,000 കോടി രൂപ) ആണ് കണക്കാക്കപ്പെടുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള സംഘവും ബ്രിട്ടീഷ് ശതകോടീശ്വരൻ ജിം റാറ്റ്ക്ലിഫും താൽപ്പര്യപത്രം സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.