കോഴിക്കോട് : ആറ് വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ട വളർത്തു തത്ത പറന്നു പോയപ്പോൾ പ്രകാശൻ ഏറെ വിഷമിച്ചു. എന്നാൽ ഇന്ന് ദിനവും 100 ലധികം തത്തകളാണ് പ്രകാശന്റെ വീട്ടിൽ വിരുന്നെത്തുന്നത്.
കോഴിക്കോട് കക്കോടി പഞ്ചായത്തിൽ ചേരിക്കരയിലെ ചാനാറികാവ് മല്ലികക്കടവ് പ്രകാശൻ ഒരു ഫോട്ടോഗ്രാഫറാണ്. ആറ് വർഷം മുൻപ് ബന്ധുവിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു വളർത്തിയ തത്തയായിരുന്നു മണിക്കുട്ടി. ഒരിക്കൽ മണിക്കുട്ടിയോട് ചങ്ങാത്തം കൂടാൻ മറ്റൊരു തത്തയെത്തി. പിന്നാലെ മണിക്കുട്ടിയുടെ ചങ്ങാതിമാരുടെ എണ്ണം കൂടി വന്നു. ഇന്ന് ഏകദേശം 100 മുതൽ 150 വരെ തത്തകൾ പ്രകാശന്റെ വീട്ടിൽ നെല്ല് തിന്നാൻ രാവിലെയും, വൈകുന്നേരവുമായി എത്തുന്നു. കൂട്ടത്തിൽ മണിക്കുട്ടിയും ഉണ്ടാകാം എന്നാണ് പ്രകാശൻ കരുതുന്നത്. പ്രകാശൻ ഒന്ന് ചൂളമടിച്ചാൽ തത്തകൾ കൂട്ടത്തോടെ പറന്നെത്തും. പേരക്ക, പയർ, കോവക്ക, പഴം എന്നിവയെല്ലാം ഇഷ്ടമാണെങ്കിലും നെല്ലിനോടാണ് പ്രിയം.
എത്ര മഴയും, വെയിലുമായാലും പ്രകാശനും, കുടുംബവും വീട്ടുമുറ്റത്തെ കൊന്നമരത്തിന് കീഴിൽ ഒരുക്കിയിരിക്കുന്ന സദ്യ ആസ്വദിക്കാൻ തത്തകൾ എത്തുന്നത് ഒരു കൗതുക കാഴ്ചയാണ്.