ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥർ ആക്രമിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ, ഹെൽപ്പ് ലൈനിൽ വിളിക്കുക. തമിഴ്നാട് സർക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളെപ്പോലെ പരിഗണിച്ച് സഹായിക്കും, സ്റ്റാലിൻ പറഞ്ഞു.
ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണമുണ്ടായെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബിഹാർ സർക്കാരും തമിഴ്നാട് സർക്കാരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തരം റിപ്പോർട്ടുകൾ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇരു സർക്കാരുകളും പറഞ്ഞു.
വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. വാട്സാപ്പിൽ ഉൾപ്പെടെ ഇത്തരം സന്ദേശങ്ങൾ പ്രചരിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രശ്നപരിഹാരത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.