ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസർ ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം കോടതി അംഗീകരിച്ചു.
പൊലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴായിരുന്നു ജിഷയുടെ വാദം. മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ ജിഷയെ ഒരാഴ്ച പ്രത്യേക സെല്ലിൽ പാർപ്പിക്കും.
കള്ളനോട്ടിൻ്റെ ഉറവിടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ജിഷ പോലീസിനോട് വെളിപ്പെടുത്തിയവർക്ക് കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനാണ് ജിഷ ശ്രമിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ ഒളിവിലാണ്.