കോട്ടയം: അവസരം ലഭിച്ചാൽ കെ-റെയിൽ സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ജനകീയ പ്രതിരോധ ജാഥക്കിടെ പറഞ്ഞു. 50 വർഷത്തിനപ്പുറമുള്ള വിജയത്തിന്റെ തുടക്കമാണ് കെ-റെയിൽ പദ്ധതി. നാളെ വരാൻ പോകുന്നത് എന്താണെന്ന് മനസിലാക്കുകയും ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിക്കുകയും കേരളത്തെ എങ്ങനെ ആധുനികവത്കരിക്കാമെന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.
അതേസമയം ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോട്ടയത്ത് കൂടിക്കാഴ്ച നടത്തി. സഭാ തർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, ആത്മയ സെക്രട്ടറി റോണി വർഗീസ് എന്നിവരുൾപ്പെടെയുള്ള സഭാ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ അറിയിച്ചു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.